#വെറുമൊരുപെണ്ണ്
ഇനിയില്ലൊരു തുള്ളി മഷിയെന്നുടെ തൂലികതുമ്പിലായ്...
ഇന്നീ വഴിത്താരയിലായ് ചേതന-
യറ്റു പിടഞ്ഞു വീണൊരെൻ പെങ്ങൾ തന്നുടെ മാറു പിളർത്ത ക്രൂരമാം കാരിരുമ്പിലൂടൊഴുകിയ...
ചുടുനിണമാലെഴുത്തു-
തുടരുകയാണു ഞാനും.
അവളുടെ വൻചതികളുടെ നിറം മായാത്ത പുരാണങ്ങളെ കുറിച്ച്...
പാതിവൃത്യത്തിൻ കളങ്കമായവളുടെ വലിയ ധാർഷ്ട്യത്തെ കുറിച്ച്..
ത്വരയടങ്ങാത്ത അവളുടെ കാമദാഹത്തെ കുറിച്ച്.
നാരിയായ് ഇവിടെ പിറന്നതോ അതോ ...
നരനെ നൊന്തു പ്രസവിച്ചതോ...? അവളുടെ തെറ്റ്...?
നാരായത്താലെഴുതി വച്ചു കാലങ്ങളായി നാം
നാരിയാമവളുടെ നന്ദികേടിൻ ചരിത്രങ്ങൾ.
കൊട്ടിഘോഷിച്ച
മനുസ്മൃതി തൻ സുന്ദര സൂക്തമിന്നെവിടെ...?.
മുലപ്പാലമൃതെന്നു ചൊല്ലിയ പുത്രജനങ്ങളെവിടെ?
പെറ്റമ്മയുടെ അപദാനങ്ങൾ ആവോളമെഴുതി പ്രശസ്തരായ കവികളെവിടെ...?
മുലപ്പാലു നുണഞ്ഞൊരു മാറിലേക്ക് കാമകണ്ണെറിയുന്ന നീയോ ..പുരുഷൻ??
പെണ്ണിന്റെ മകനാണു നീയും
അവളുടെ ചോരയാണു നിന്റെ
നീച സിരകളിലേക്ക് പകർന്നതും പുരുഷാ...
പൊക്കിൾ ക്കൊടിയെ നീ മറന്നു പോയതവളുടെ പിഴവോ..
മാറേണ്ടതുണ്ട് അതവളുടെ
വസ്ത്ര രീതിയെങ്കിൽ
നീ മാറ്റേണ്ടതവളോടുള്ള
മനോഭാവമാണ്..
പ്രശ്നമവളുടെ താരുണ്യമേറും വർണ്ണമേയല്ല..
പ്രശ്നമതു നിന്റെ കറുത്ത മ്ലേച്ഛ മനസ്സാണ് ..
അസമയമെന്ന സമയമുണ്ടോ സഹോദരാ തണലായവൾക്കു നീയുണ്ടെങ്കിൽ ...
പെണ്ണ്..അവളൊരു വാത്സല്യമാണ് സാന്ത്വനമേറും മാതാവിന്റെ. .
അവളൊരു നിറഞ്ഞു തൂവും സ്നേഹമാണ് നിന്റെ ഭാര്യയുടെ രൂപത്തിൽ. ..
അനുരാഗ തീർത്ഥമാണവളൊരു കാമുകിയുടെ രൂപത്തിൽ
അനുകമ്പയേറുന്നൊരു കുസൃതിക്കൂടാം പെങ്ങളാണെടോ
ഓമനത്വമുള്ളോരു സ്നേഹപ്പൂമകളാണവൾ...
സഹനത്തിന്റെ ,ക്ഷമയുടെ വീടിൻ
പ്രകാശമാണവൾ
മജ്ജയും മാംസവുമുള്ള നിന്നേ പോലെ വെറുമൊരു പാവം പെണ്ണാണെടോ....
അതിക്രമങ്ങൾ അവളോടു വേണ്ട...
കുടിച്ച മുലപ്പാലു ദഹിക്കയില്ല...
#Shaby(ഷാബി)